Monday, August 29, 2011

ഓണം


മഹാബലിയെ ആദരിക്കുക :അപഹാസ്യനാക്കാതിരിക്കുക!

    ഓണം ഇതാ  വീണ്ടും വന്നിരിക്കുന്നു. കേവലം ഒരു പുനരാവര്ത്തനമായി. എല്ലാം പഴയതുപോലെത്തന്നെ.കാട്ടിക്കൂട്ടാന്‍ വേണ്ടി മാത്രം ഒരോണം! പണ്ടത്തെപ്പോലെ ഉള്ളു തുറന്നു ഓണം ഇന്ന് നമുക്കാഘോഷിക്കാന്‍ പറ്റുന്നില്ല. എന്നിട്ടോ ഒരു വഴിവാടുപോലെ നാം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.ചെയ്തില്ലെങ്കില്‍ മനസ്സില്‍ എന്തോ ഒരു കുറ്റബോധം .അതാണ്‌ സത്യം.
    ഓണം കൊയ്ത്തിന്‍റെ ഉത്സവമാണ്.എന്നാല്‍ ഇന്നാരും കൊയ്യുന്നില്ല.പാടങ്ങള്‍ എല്ലാം വെട്ടി നികത്തി വീട് വെക്കുകയാണ്..അതിനു വിദേശത്തുനിന്നും ഒഴുകിവരുന്ന ധനവുമുണ്ട്. പല തരത്തിലും പരിഷ്ക്കാരത്തിലും വീടുകളുണ്ട്. പക്ഷെ വീട്ടിലിരുന്നാല്‍ ഉണ്ണാന്‍ വേണമല്ലോ..വലിയ വിലകൊടുത്തു അരി മേടിച്ചു നാം ഓണം ആഘോഷിക്കുന്നു.പണ്ടു പറമ്പില്‍ നിന്നുള്ള പച്ചക്കറികള്‍ വലിയൊരു തറവാട്ടിലുള്ളവര്‍ക്ക് ധാരാളമായിരുന്നു.ഇന്ന് അതിനും അന്യനാടിനെ ആശ്രയിക്കണമെന്നായിരിക്കുന്നു.കിട്ടുന്നതോ ഉണങ്ങിയവ.അതും വലിയ വിലകൊടുത്താല്‍.
ഒരു കണക്കില്‍ പറഞ്ഞാല്‍ ഇന്ന് നമുക്ക് അന്യാശ്രയം കൂടാതെ ജീവിക്കാനാവില്ലെന്നു വന്നിരിക്കുന്നു.ഇതായിരുന്നോ നമ്മുടെ കേരളം? നമ്മുടെ കവികള്‍ ചിത്രീകരിച്ചിരിക്കുന്നത് നോക്കുക
ധനധാന്യസസ്യലതാസുലാളിതം മനോഹരം
കേരളതീരം കേരകേദാരം നിത്യാനന്ദസാരം
കേരളതീരം മോദകരം സുശോഭിതം പാരം
പുതു പുതു സൌഭാഗ്യങ്ങള്‍ നിറഞ്ഞെന്നും മേലില്‍
പുരോഗമിക്കട്ടെ നിത്യം ഹ ഹാ കേരളഭൂമി!
വരിനെല്ലിന്‍ കതിര്‍ക്കുല വിരിമാറില്‍ ചാര്‍ത്തി
ലാലസിപ്പൂ സുന്ദരമായ്‌ ഹ ഹാ കേരളഭൂമി!
കേരളകേരസുലാളിതകോമള-
ശ്യാമള സുന്ദരം മാമകഭൂമി!
കമനീയം മഹനീയം മാമക
ലാവണ്യം !പുകഴും മലനാടെ!
ആദര്‍ശങ്ങള്‍ വിരിയും പൂവനം,
ആത്മാര്‍ത്ഥതന്‍ നന്ദനവാടി!
മലയാളത്തിന്‍ മധുര ധ്വനികള്‍
മൃദുവീണകളില്‍ മീട്ടീടും ഞാന്‍
ഇങ്ങനെയോക്കെ കേരളത്തെപ്പറ്റി പഴയ കവികള്‍ പ്രകീര്ത്തിച്ചിരുന്നു.ഇന്ന് ഇതിലെന്തെങ്കിലുമുണ്ടോ ഇവിടെ?
    ഇതെല്ലാം സുഭിക്ഷമായി നല്‍കി നല്ലൊരു ഭരണം കാഴ്ചവെച്ച  പ്രജാവത്സലനായ ഒരു ചക്രവര്‍ത്തി നമുക്കുണ്ടായിരുന്നു.-ശ്രീ മഹാവിഷ്ണുവിന്‍റെ ഏറ്റവും വലിയ ഭക്തനുംഹിരണ്യകശിപുവിന്‍റെ പുത്രനുമായിരുന്നയിരുന്ന പ്രഹ്ലാദന്‍റെ പ്രപുത്രനായ  മഹാബലി.! പ്രഹ്ലാദന്‍റെഒരുവിധം എല്ലാ ഗുണങ്ങളും തികഞ്ഞ ചക്രവര്‍ത്തി..ഏതൊരു ഭരണാധികാരിക്കും അസൂയ തോന്നുന്ന ഭരണം! “മാവേലി നാടു വാണീടും കാലം” പാടാത്ത ചുണ്ടുകള്‍ ഉണ്ടോ? അതുപാടിക്കളിക്കാത്ത മങ്കമാരുണ്ടോ? ഇന്നും നല്ല ഒരു ഭരണാധികാരി എങ്ങിനെയിരിക്കണമെന്നതിനു നല്ലൊരു  മാതൃക!
   എന്നാല്‍ നല്ലവരെ അപായപ്പെടുതാന്‍ എപ്പോഴും ആളുകളുണ്ടാകും.ഇവിടെയും അതുതന്നെ സംഭവിച്ചു. മഹാബലിയുടെ ഗുണങ്ങള്‍ തന്‍റെ നിലനില്‍പ്പിന് ഭീഷണിയാകുമെന്നുവന്നപ്പോള്‍  സാക്ഷാല്‍ ദേവേന്ദ്രന്‍ മഹാവിഷ്ണുവിനെ സമീപിച്ച് മഹാബലിയെ അമര്‍ച്ച ചെയ്യണമെന്നു ആവശ്യപ്പെട്ടു. തന്‍റെ ഭക്തനെ അനുഗ്രഹിക്കാന്‍ സമയമായി എന്നറിയുന്ന ഭഗവാന്‍ ഒരു വാമനന്‍(കുള്ളന്‍) ബ്രാഹ്മണനായി വന്നു മഹാദാനശീലനായ അദ്ദേഹത്തിനോട് തനിക്ക് ദാനം നല്‍കണമെന്ന് ആവശ്യപെട്ടു. മഹാബലിക്ക് താന്‍ വലിയോരു ദാനശീലനാനെന്ന അഹങ്കാരം ഉണ്ടായിരുന്നു. അതും കൂടി തീര്‍ക്കാനായിരുന്നു മഹാവിഷ്ണുവിന്റെ വരവ്.എന്തും കൊടുക്കാന്‍ കഴിവുള്ള തന്നോടു കേവലം മൂന്നടി മണ്ണ് ആവശ്യപ്പെട്ടപ്പോള്‍
മഹാബലി പിന്നെ ഒന്നും ചിന്തിച്ചില്ല.പക്ഷെ അത് കണ്ടറിഞ്ഞ അസുരഗുരു മഹാബലിയെ വിലക്കിയെന്നു മാത്രമല്ല.ദാനത്തിനു നീര്‍ നല്‍കുമ്പോള്‍ അത് തടയാന്‍ ശ്രമിക്കുകയും ചെയ്തു.പക്ഷെ വരാന്‍ പോകുന്നത് വഴിയില്‍ തങ്ങുമോ? അതും തീരുമാനിച്ചത് ഭഗവാനാണെങ്കില്‍! അദ്ദേഹം ഉടനെ ത്രിവിക്രമനായി രണ്ടടി കൊണ്ടു തന്നെ സര്വ്വലോകവും അളന്നെടുത്തു മൂന്നാമത്തെ അടിക്ക് ഇടമില്ലെന്ന് അറിയിച്ചു.കാര്യം മനസ്സിലാക്കിയ മഹാബലി ഉടനെ തന്‍റെ ശിരസ്സ് കുനിച്ചു കൊടുത്തു.വിഷ്ണു അദ്ദേഹത്തെ സുതലത്തിലെക്കയച്ചു. പോകുമ്പോള്‍ വര്‍ഷത്തിലോരിക്കല്‍ തന്‍റെ പ്രജകളെ വന്നു കാണാമെന്നും ആ സമയം ഭഗവാന്‍ സ്വയം  മഹാബലിയുടെ സ്ഥലംകാത്തുരക്ഷിച്ചുകൊള്ളമെന്നും ഉറപ്പുകൊടുത്തു.തന്‍റെ ഭക്തന്‍റെ പ്രജാവാല്സല്യം ഭക്തവല്സലനായ ഭഗവാന്‍ നല്ലപോലെ മനസ്സിലാക്കിയിരുന്നു. മഹാബലിയുടെ ആ വരവിനെ നാം ഓണമായി ആഘോഷിച്ചുവരുന്നു.വാമനന്‍റെ  ക്ഷേത്രമത്രേ തൃക്കാക്കര..അദ്ദേഹത്തെയാണ് നാം തൃക്കാക്കര അപ്പനായി പൂജിക്കുന്നത്.
    എനാല്‍ ഇന്ന് നാം ഈ മഹാഭാരണാധികാരിയെ അപമാനിക്കുന്ന തരത്തില്‍ പലതും ചെയ്യുന്നു. ഓണത്തിന് വരുന്ന മാവേലി കിരീടവും  കുടവയറും ഓലക്കുടയും രാജകീയ വസ്ത്രങ്ങലുമണിഞ്ഞാണ് വരുന്നത് ആദ്യമായി ഒരു കാര്യം ഓര്‍മ്മിക്കേണ്ടതുണ്ട്.അന്ന് മഹാവിഷ്ണുവിന്‍റെ മുന്‍പില്‍ അഴിച്ചുവെച്ച കിരീടം മാവേലി പിന്നീട് തലയില്‍ വെച്ചിട്ടില്ല. രാജകീയ വസ്ത്രധാരണവും ചെയ്യുന്നില്ല. ഒരു സാധാരണക്കാരന്‍ ഓലക്കുട ചൂടുന്നതില്‍ വലിയ അപാകതയില്ല. പക്ഷെ എല്ലാ മാവേലിമാര്‍ക്കും കുടവയര്‍ വേണമെന്ന് ആരാണ് പറഞ്ഞത്? ആരെങ്കിലും അദ്ദേഹത്തെ കണ്ടവരുണ്ടോ?
    ഇന്നു മാവേലിയെ അധികവും പരസ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. അതും വല്ല വാച്ച്മാനെപ്പോലെ വാതില്‍ക്കല്‍ ഇരുത്തിയിരിക്കും. അതൊരു വലിയ കാര്യമായിട്ട്ടായിരിക്കും അവര്‍ കണക്കാക്കുന്നത്. ഇതേ സമയം തന്‍റെ പൂര്വ്വപിതാക്കളെ അവര്‍ ഇത്തരത്തില്‍ പ്രദര്‍ശനവസ്തുവാക്കുമോ?.വീടുകാര്‍ ഇത്രയും തന്നെ അപമാനിക്കാറില്ല.വഴിയിലും മറ്റും മാവേലിയുടെ ചിത്രം അപഹാസ്യമായ വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നു..ഏറ്റവും വലിയ ധര്‍മ്മസങ്കടം അദ്ദേഹത്തെ മദ്യശാലയില്‍ പോലും ഇരുത്തിയിരിക്കും എന്നതാണ്. ഒരു പക്ഷെ അസുരനായതുകൊണ്ട് സുരാപാനം ഉണ്ടായിരിക്കാം എന്നവര്‍ ചിന്തിച്ചിരിക്കാം. തങ്ങളു അദ്ദേഹത്തിന്‍റെ കൂട്ടത്തില്‍പ്പെട്ടവരാണെന്നു അദ്ദേഹത്തെ ധരിപ്പിക്കനുമായിരിക്കാം!
ഏതായാലും ഓണം ആഘോഷിക്കുന്നവരോടു ഒരഭ്യര്‍ത്ഥന! മഹാനായ ആ ഭരണാധികാരിയെ ആദരിച്ചില്ലെങ്കിലും വേണ്ടില്ല, അപമാനിക്കരുതെ! കാരണം അദ്ദേഹം മഹാവിഷ്ണുവിന്റെ പരമഭക്തനാണ്.അദ്ദേഹത്തെ അപമാനിക്കുന്നത് ഭഗവാനെ അപമാനിക്കുന്നതിനു തുല്യമായിരിക്കും., , ധര്മ്മിഷ്ടനായ ശ്രീരാമനെപോലെ, ഗീതയോതിയ ശ്രീകൃഷ്ണനെപ്പോലെ മഹാനായ മുഗള്‍ ചക്രവര്‍ത്തി അക്ബര്‍പോലെ ഭാരതത്തിലെ മഹാനായ അശോകനെപോലെ നമ്മുടെ രാഷ്ട്രപിതാവിനെപോലെ നാം ആദരിക്കേണ്ട ഒരു വ്യക്തിയാണ് മഹാബലി.
   നമ്മുടെ ഓരോ ഓണവും അദ്ദേഹത്തിനോടുള്ള ബഹുമാനം പ്രകടിപ്പിച്ചുകൊണ്ടായിരിക്കട്ടെ! ആരെങ്കിലുംഅദ്ദേഹത്തെ അപഹാസ്യനാക്കി പ്രകടിപ്പിക്കുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ നമുക്ക് കഴിയണം. അദ്ദേഹത്തിനു നമുക്ക് നല്‍കാന്‍ കഴിയുന്ന പ്രത്യുപകാരമതായിരിക്കട്ടെ. അല്ലാതെ കോമാളിവേഷം കെട്ടി അദ്ദേഹത്തെ പ്രദര്‍ശിപ്പിക്കാന്‍ നമ്മളും കൂട്ട് നില്‍ക്കാതിരിക്കുക..അദ്ദേഹത്തിന്റെ മഹത്വം നാം മനസ്സിലാക്കാന്‍ ശ്രമിക്കണം
എല്ലാവര്ക്കും നല്ലോരോണം ആശംസിക്കുന്നു!

മാലിനി ശിവശങ്കരന്‍

No comments:

Post a Comment

Note: Only a member of this blog may post a comment.